കേംബ്രിഡ്ജ് നിക്കോൾസൺ ഇൻസ്റ്റിറ്റ്യൂട്ട് ഒരുകാലത്ത് ദക്ഷിണേന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങളിലൊന്നായിരുന്നു. ഒരു നൂറ്റാണ്ട് പിന്നിട്ട ചരിത്രവും, വിദ്യാഭ്യാസ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പാരമ്പര്യവുമാണ് സി. എൻ. ഐ. ക്ക് ഉള്ളത്. സമൂഹത്തിന് ഈടുറ്റ സംഭാവനകൾ നൽകിയ നിരവധി പ്രമുഖരെ വാർത്തെടുക്കാൻ സി. എൻ. ഐ. ക്ക് കഴിഞ്ഞിട്ടുണ്ട്.
കാലക്രമേണ സഭകളുടെയും സ്കൂളുകളുടെയും എണ്ണം വർദ്ധിച്ചതോടെ, അച്ചന്മാരെയും ഉപദേശിമാരെയും അധ്യാപകരെയും പരിശീലനം നൽകുന്ന ഒരു സ്ഥാപനം ആവശ്യമായിവന്നു. 1850-ൽ ഹെൻട്രി ബേക്കർ മിഷൻ സ്കൂളുകളെക്കുറിച്ച് എഴുതിയത് ഇങ്ങനെയാണ്:
"സ്കൂളുകളുടെ ഏറ്റവും വലിയ പരിമിതി യോഗ്യതയുള്ള അധ്യാപകരുടെ കുറവാണ്. ശരിയായ അധ്യാപനകേന്ദ്രം സ്ഥാപിച്ച് നമ്മുടെ അധ്യാപകർക്ക് വേണ്ട പരിശീലനം നൽകാത്തിടത്തോളം കാലം എനിക്ക് വലിയ നിരാശയായിരിക്കും."
ഈ ആവശ്യം സംബന്ധിച്ച് അദ്ദേഹം സി. എം. എസ്. മിഷൻ കേന്ദ്രങ്ങളിലേക്ക് കത്തയച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജോൺ ഹോക്സ്വർത്ത് എന്ന മിഷനറി അവധിക്കു നാട്ടിലേക്ക് മടങ്ങുന്നത്. ഈ യാത്ര ഏറെ ഗുണകരമായി.
ഹോക്സ്വർത്ത് മുഖേന മിഷൻ കേന്ദ്രത്തിൽ ഈ ആവശ്യം നേരിട്ട് ബോധ്യപ്പെടുത്താൻ കഴിഞ്ഞു. ഹെൻട്രി ബേക്കറിന്റെ കത്തിലൂടെയും, ഹോക്സ്വർത്ത് നേരിട്ട് ബോധ്യപ്പെടുത്തിയതിലൂടെയും ഈ ആവശ്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ സി. എം. എസ്. മിഷൻ കേന്ദ്രം ഒരു അധ്യാപക പരിശീലന സ്ഥാപനം കോട്ടയത്ത് സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിച്ചു.
കേംബ്രിഡ്ജിലെ ഇമ്മാനുവേൽ കോളേജിലെ റ്റ്യൂട്ടറും ഫെലോയും ആയിരുന്ന റവ. ജെ. വൈ. നിക്കോൾസൺ മിഷനറി പ്രവർത്തനങ്ങളോട് വളരെ താല്പര്യം കാണിച്ച ആളായിരുന്നു. അദ്ദേഹം ചർച്ച് മിഷനറി സൊസൈറ്റിയുടെ ഒരു പ്രൊമോഷനൽ സെക്രട്ടറി കൂടിയായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം ആദരസൂചകമായി ആ പേരിൽ ഒരു സ്ഥാപനം ആരംഭിക്കുവാൻ അദ്ദേഹത്തിന്റെ വിദ്യാർത്ഥികൾ ഒരു തുക പിരിച്ചെടുത്തു. ഇങ്ങനെ പിരിച്ചെടുത്ത തുകയായ 250 പവൻ ഹോക്സ്വർത്ത് പറഞ്ഞതനുസരിച്ച് കോട്ടയം മിഷൻ കേന്ദ്രത്തിന് നൽകി.
1852 ഓഗസ്റ്റ് 13-ന് തിരുവിതാംകൂറിലെ മുതിർന്ന മിഷനറിയായിരുന്ന ബെഞ്ചമിൻ ബെയ്ലിയുടെ കോട്ടയത്തുള്ള ബംഗ്ലാവിനു സമീപമാണ് 'കേംബ്രിഡ്ജ് നിക്കോൾസൺ ഇൻസ്റ്റിറ്റ്യൂട്ടി'ന് ശിലാസ്ഥാപനം നടത്തിയത്. എന്നാൽ പുതിയ കെട്ടിടത്തിന്റെ പണിപൂർത്തിയാകുംമുമ്പേ ബെയ്ലിയുടെ ബംഗ്ലാവിൽ ചെറിയരീതിയിൽ ക്ലാസ്സുകൾ ആരംഭിച്ചു. റവ. ഹോക്സ്വർത്ത് ആയിരുന്നു സി. എൻ. ഐ. യുടെ ആദ്യത്തെ പ്രിൻസിപ്പൽ. തുടർന്ന് റവ. ജെ. എം. സ്പീച്ച്ലി (പിന്നീട് തിരു-കൊച്ചി ആംഗ്ലിക്കൻ മഹാ ഇടവകയുടെ ആദ്യത്തെ ബിഷപ്പ്), റവ. ജെയിംസ് തോംസൺ, റവ. ജെ. ജെ. ബി. പാൽമർ, റവ. ജെ. കെ. ബെയ്ലി, റവ. ഇ. എ. എൽ. മൂർ (1925-87) തുടങ്ങിയ പ്രഗത്ഭരായ വ്യക്തികൾ നേതൃത്വം നൽകിയ ഈ സ്ഥാപനം കാലക്രമേണ ദക്ഷിണേന്ത്യയിലെ പ്രമുഖ ക്രിസ്തീയ വിദ്യാഭ്യാസ പരിശീലനകേന്ദ്രമായി വളർന്നു.
അക്കാലത്ത് ഇംഗ്ലണ്ടിലെ ക്രിസ്തീയ പരിശീലന സ്ഥാപനങ്ങളിൽ ഉണ്ടായിരുന്ന ഓറിയന്റേഷൻ കോഴ്സിന് സമാനമായ പരിശീലന പദ്ധതി സി. എൻ. ഐ. യിലും നടത്തിയിരുന്നു. പാഠ്യവിഷയങ്ങൾക്ക് ഇംഗ്ലീഷ് മുഖ്യഭാഷയായി ഉപയോഗിച്ചിരുന്നു. എന്നാൽ ഗ്രീക്ക്, സുറിയാനി, ഹീബ്രു എന്നീ ഭാഷകളും ഈ രംഗത്ത് പരീക്ഷിക്കപ്പെട്ടു.
സി. എൻ. ഐ. യിലെ പരിശീലനത്തിൽ പ്രധാനമായും മൂന്ന് വിഭാഗങ്ങളിലുള്ള കോഴ്സുകളാണ് ഉൾപ്പെടുത്തിയിരുന്നത്:
1. ഒന്നാമത്തെ വിഭാഗം: വൈദിക പരിശീലനം (General Ordination Examination / GOE)
പട്ടക്കാർക്കുള്ള കോഴ്സ് ആയിരുന്ന ഇതിന്റെ പരിശീലനകാലം രണ്ടു വർഷമായിരുന്നു. ഇംഗ്ലണ്ടിൽ നടത്തിയിരുന്ന ജി. ഒ. ഇ. കോഴ്സിന് തത്തുല്യമായ ഈ പരിശീലനമായിരുന്നു സി. എൻ. ഐ. യിൽനിന്നും ലഭിച്ചിരുന്നത്. അതേസമയം ഇംഗ്ലണ്ടിൽ ഏത് യൂണിവേഴ്സിറ്റിയിൽനിന്ന് ദൈവശാസ്ത്രബിരുദമെടുത്താലും ജി. ഒ. ഇ. കോഴ്സ് കഴിയാത്തവരെ പട്ടത്വത്തിന് പരിഗണിച്ചിരുന്നില്ല. എന്നാൽ സി. എൻ. ഐ. യിൽ നടത്തിയിരുന്ന ജി. ഒ. ഇ. കോഴ്സിന്റെ മറ്റൊരു പ്രത്യേകത, പരീക്ഷ ഇവിടെ നടത്തുകയും അതിന്റെ മൂല്യനിർണ്ണയത്തിനായി പേപ്പറുകൾ ഇംഗ്ലണ്ടിലേക്ക് അയച്ചു കൊടുത്ത് മൂല്യനിർണ്ണയം അവിടെ നടത്തുകയുമായിരുന്നു.
2. രണ്ടാമത്തെ വിഭാഗം: ജൂനിയർ ഡിവൈനിറ്റി കോഴ്സ് (Junior Divinity Course)
ഉപദേശിമാർക്കായി അക്കാലത്ത് ഈ പരിശീലനപരിപാടി മലയാളത്തിലായിരുന്നു നടത്തിവന്നത്. ഇതു സംബന്ധിച്ച് പറയുമ്പോൾ വിസ്മരിക്കാനാവാത്ത ചില സവിശേഷതകൾ എടുത്തുപറയേണ്ടതുണ്ട്. അക്കാലത്ത് ഉപദേശിമാരുടെ പ്രവർത്തനങ്ങൾക്ക് കരുത്തുപകർന്ന് ദൈവമുമ്പാകെ അവർക്കുണ്ടായിരുന്ന സമർപ്പണവും ദൈവവിളിയെക്കുറിച്ചുള്ള ബോധ്യവുമായിരുന്നു. കാരണം അന്ന് മിക്ക സഭാപ്രവർത്തകർക്കും (ഉപദേശിമാർക്കും) തങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള ശമ്പളം നൽകാൻ മിക്ക സഭകളും പ്രാപ്തമായിരുന്നില്ല. അത്യാവശ്യ സൗകര്യങ്ങൾ തീരെ ഇല്ലാത്ത ഗ്രാമീണസഭകളിലുമാണ് ഉപദേശിമാർ ശുശ്രൂഷ ചെയ്തിരുന്നത്. എന്നാൽ ഈ കുറവുകളെ എതിർപ്പുകളില്ലാതെ സ്വീകരിച്ച്, വിശ്വസ്തതയോടെ ദൈവവേലചെയ്യാൻ അവർക്ക് കരുത്തുപകർന്നതിനുപിന്നിൽ സി. എൻ. ഐ. യിലെ പരിശീലനം വളരെ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. മധ്യകേരള മഹാ ഇടവകയിൽ ഇന്ന് കാണുന്ന പല ഇടവക ദേവാലയങ്ങളും, ഒരുകാലത്ത് ഉപദേശിമാരും ആശാന്മാരും തികഞ്ഞ ദീർഘവീക്ഷണത്തോടെ പ്രവർത്തിച്ചിരുന്ന ഉപസഭകളായിരുന്നു.
3. മൂന്നാമത്തെ വിഭാഗം: അധ്യാപക പരിശീലനം
സി. എൻ. ഐ. യിൽ നടത്തിയിരുന്ന കോഴ്സുകളിൽ മൂന്നാമത്തെ വിഭാഗം അധ്യാപക പരിശീലനമായിരുന്നു. മലയാളത്തിലായിരുന്നു അധ്യാപനം നടന്നിരുന്നത്. അധ്യാപകപരിശീലനത്തിന്റെ ആദ്യവർഷം പൂർത്തിയാക്കുന്നവർ രണ്ടാംവർഷം ജൂനിയർ ഡിവൈനിറ്റി കോഴ്സായിരുന്നു പഠിച്ചിരുന്നത്.
വിദ്യാഭ്യാസ പ്രവർത്തനങ്ങളെ സുവിശേഷവേലയുടെ ഭാഗമായി കണ്ട് സി. എം. എസ്. മിഷനറിമാർ, തിരുവിതാംകൂറിലെ ഒട്ടുമിക്ക ദേവാലയങ്ങളിലും പ്രാഥമിക വിദ്യാഭ്യാസം ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി. ചിലയിടങ്ങളിൽ സ്കൂളുകൾ സ്ഥാപിച്ച് സ്കൂൾ പ്രവൃത്തിദിവസങ്ങൾക്കുശേഷം കെട്ടിടം പള്ളിയായി ഉപയോഗിച്ചു. പള്ളിയോട് ചേർന്ന് വിദ്യാലയങ്ങൾ തുടങ്ങിയ മിഷനറിമാരുടെ പ്രവർത്തന കാലത്ത് രൂപപ്പെട്ട വാക്കാണ് 'പള്ളിക്കൂടം'.
ഇങ്ങനെ അധ്യാപനവും ദൈവശുശ്രൂഷയും സംയോജിപ്പിച്ച് സുവിശേഷവേല ചെയ്യാൻ സി. എൻ. ഐ. യിലെ പരിശീലനം നിരവധി ദൈവശുശ്രൂഷകർക്ക് കരുത്തും ദിശാബോധവും നൽകി. സി. എൻ. ഐ. വിദ്യാർത്ഥികൾക്കായി രണ്ട് ഹോസ്റ്റലുകൾ പ്രവർത്തിച്ചിരുന്നു.
'റാണി ഗൗരിലക്ഷ്മിഭായി' തിരുവിതാംകൂറിൽ ഭരണം നടത്തിയിരുന്ന കാലത്ത് ബ്രിട്ടീഷ് റസിഡന്റായിരുന്ന കേണൽ മൺറോയുടെ ശുപാർശ പ്രകാരം സി. എം. എസ്. മിഷന് കരമൊഴിവായി ലഭിച്ചത് രണ്ട് കുന്നിൻപുറങ്ങളായിരുന്നു: അണ്ണാൻകുന്ന് (സി. എം. എസ്. കോളേജ് സ്ഥിതിചെയ്യുന്ന ഭാഗം), ചുങ്കംകുന്ന് (സി. എൻ. ഐ., സി. എം. എസ്. കോളേജ് ഹൈസ്കൂൾ സ്ഥിതിചെയ്യുന്ന ഭാഗം). ഇതിൽ ചുങ്കംകുന്നിൽ സ്ഥിതിചെയ്തിരുന്ന ബെഞ്ചമിൻ ബെയ്ലിയുടെ ബംഗ്ലാവിനു സമീപമാണ് സി. എൻ. ഐ. സ്ഥാപിതമായതെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ. ബ്രിട്ടീഷ് മാതൃകയിലുള്ള ചാപ്പലുകളും കെട്ടിടസമുച്ചയങ്ങളും ഈ കുന്നിനെ കൂടുതൽ മനോഹരമാക്കി. അവിടെനിന്നുനോക്കിയാൽ കണ്ണിന് കുളിർമ നൽകുന്ന നിരവധി കാഴ്ചകൾ കാണാമായിരുന്നു. ഇതിനെക്കുറിച്ച് സി. എം. എസിന്റെ കോട്ടയത്തെ ഒടുവിലത്തെ മിഷനറിയായി പ്രവർത്തിച്ചിരുന്ന എറ ഡോഷ്ടൻ എഴുതിയത് ഇങ്ങനെയാണ്:
"ബെയ്ലി പടിഞ്ഞാറുവശത്തുള്ള കുന്നിൻമുകളിലും ഫെൻ കിഴക്കേ കുന്നിൻമുകളിലും പരസ്പരം അഭിമുഖമായി ബംഗ്ലാവുകൾ പണിതു. ഇന്നത്തെ കത്തീഡ്രലും, സി. എം. എസ്. പ്രസ്സും സി. എം. എസ്. കോളേജും, കിഴക്കുഭാഗത്തുള്ള കുന്നിൻപുറത്തുമായിരുന്നു സ്ഥിതിചെയ്തിരുന്നത്."
ബേക്കർക്ക് പിന്നീട് മിഷനറിമാർ വിലകൊടുത്തു വാങ്ങി നൽകിയതാണ്. പഴയ സി. എൻ. ഐ. ഇന്ന് ഇവിടെ ഇല്ല. ഇവിടം സി. എം. എസ്. ഹയർ സെക്കൻഡറി സ്കൂളിന്റെയും ടി. ടി. ഐ. യുടെയും ഭാഗമായി മാറിക്കഴിഞ്ഞു. 1950-ലാണ് സി. എം. എസ്. കോളേജ് ഹൈസ്കൂൾ, കോളേജ് കുന്നിൽനിന്നു മാറ്റുന്നത്.
തിരുവിതാംകൂർ - കൊച്ചി ആംഗ്ലിക്കൻ മഹാ ഇടവകയുടെ രണ്ടാമത്തെ ബിഷപ്പായ റവ. ഡോ. എഡ്വേർഡ് നോയൽ ഹോഡ്ജസ് തിരുമേനി എറണാകുളത്തുവെച്ച് ബിഷപ്പ് റ്റി. ബി. ബെഞ്ചമിന്റെ പിതാവായ റ്റി. കെ. ബെഞ്ചമിനെ കാണുകയും തിരുമേനിയുടെ താല്പര്യപ്രകാരം 1891 ജൂലൈയിൽ റ്റി. കെ. ബെഞ്ചമിൻ കോട്ടയത്ത് സി. എൻ. ഐ. അധ്യാപകവൃത്തിയിൽ പ്രവേശിക്കുകയും ചെയ്തു. ബി. എ. ബിരുദധാരിയായിരുന്ന റ്റി. കെ. ബെഞ്ചമിൻ ഗ്രീക്ക് ഒഴികെ എല്ലാ വിഷയങ്ങളും അനായാസം പഠിപ്പിച്ചിരുന്നു. സി. എൻ. ഐ. അധ്യാപകനായിരിക്കെത്തന്നെ റ്റി. കെ. ബെഞ്ചമിൻ പട്ടക്കാർക്കുള്ള കേംബ്രിഡ്ജ് പ്രിലിമിനറി പരീക്ഷ പാസ്സായി. ഈ കാലത്താണ് പാൽമർ സായ്പുമൊത്ത് ഹീബ്രു ഭാഷ സ്വപ്രയത്നത്തിൽ പഠിക്കുന്നത്. റ്റി. കെ. ബെഞ്ചമിന്റെ സേവനം തുടർന്നും സി. എൻ. ഐ. ക്ക് ലഭിക്കണമെന്ന് അതിന്റെ പ്രിൻസിപ്പൽ ആയിരുന്ന പാൽമർ സായ്പിന് വളരെയേറെ താല്പര്യമുണ്ടായിരുന്നെങ്കിലും കോട്ടയം ഇടവകയുടെ ചുമതല അദ്ദേഹത്തിന് നൽകുവാനായിരുന്നു ഹോഡ്ജസ് തിരുമേനിയുടെ താല്പര്യം. പിന്നീട് പട്ടമേറ്റ റ്റി. കെ. ബെഞ്ചമിൻ കത്തീഡ്രൽ ഇടവകയുടെ പട്ടക്കാരനായി. സി. എൻ. ഐ. യിൽ ബിരുദധാരികൾക്കുള്ള വൈദിക പരിശീലനം (1871) ആരംഭിച്ചതിന്റെ ആദ്യഫലം റവ. റ്റി. കെ. ബെഞ്ചമിനായിരുന്നു.
1911 ആയപ്പോൾ പാൽമർ സായ്പ്പ് അവധിക്കാലം ചെലവിടാൻ നാട്ടിലേക്ക് മടങ്ങി. ഈ സമയത്ത് റവ. റ്റി. കെ. ബെഞ്ചമിൻ സി. എൻ. ഐ. യുടെ ആക്ടിംഗ് പ്രിൻസിപ്പലായി ചുമതലയേറ്റു. പിന്നീട് പ്രമുഖരായി തീർന്ന പലരും ഈ കാലഘട്ടത്തിൽ സി. എൻ. ഐ. യിലെ വൈദിക വിദ്യാർത്ഥികളായിരുന്നു. അവരിൽ ചിലരാണ് സി. കെ. ജേക്കബ് (പിന്നീട് ബിഷപ്പ്), എം. ജെ. ചാണ്ടി, പി. സി. കോര എന്നിവർ. ഇതിൽ സി. എൻ. ഐ. യുടെ വളർച്ചയിൽ ഗണ്യമായ പങ്കുവഹിച്ചിരുന്നയാളാണ് റവ. റ്റി. കെ. ബെഞ്ചമിൻ. അദ്ദേഹത്തിന്റെ സേവനങ്ങൾ സി. എൻ. ഐ. യെ കൂടുതൽ പ്രശസ്തിയിലേക്ക് നയിച്ചു. ഒരു നിയോഗംപോലെ തേവർതുണ്ടിയിൽ കുടുംബാംഗമായ ബെഞ്ചമിൻ തിരുമേനിയും പിതാവിനെപ്പോലെതന്നെ സി. എൻ. ഐ. യുമായുള്ള ദൃഢമായ ബന്ധം നിലനിർത്തി. സി. എൻ. ഐ. യിൽ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത ആളാണ് ബെഞ്ചമിൻ തിരുമേനി.
സി. എൻ. ഐ. സ്ഥാപനങ്ങളോട് വിവിധ കാലഘട്ടങ്ങളിൽ ബിഷപ്പ് ബെഞ്ചമിൻ പുലർത്തിയിരുന്ന ബന്ധമാണ് സി. എം. എസ്. മിഷന്റെ പിൻഗാമിയായി തിരുവിതാംകൂറിലും മലബാറിലും സുവിശേഷപ്രവർത്തനം നടത്തുന്നതിനും, സഭയ്ക്ക് നേതൃത്വം നൽകുന്നതിനും അദ്ദേഹത്തിന് കരുത്തുപകർന്നത്.
വിദേശത്തെ വൈദികപരിശീലനത്തിന്റെ നിലവാരം പുലർത്തിയിരുന്ന ജനറൽ ഓർഡിനേഷൻ എക്സാമിനേഷൻ (GOE) എന്ന രണ്ടുവർഷം നീളുന്ന പഠനത്തിനാണ് ബെഞ്ചമിൻ തിരുമേനി സി. എൻ. ഐ. യിൽ ചേർന്നത്. ഇതിനായി തിരുമേനിക്ക് പ്രോത്സാഹനം നൽകിയത് ബിഷപ്പ് മൂർ ആയിരുന്നു. ഇങ്ങനെ 1932-ൽ അദ്ദേഹം സി. എൻ. ഐ. യിൽ വൈദിക വിദ്യാർത്ഥിയായി പ്രവേശിച്ചു. വൈദികപരിശീലനത്തിന് ബിഷപ്പ് ബെഞ്ചമിൻ സി. എൻ. ഐ. യിൽ ചേരുംമുമ്പ് എറണാകുളം സഭയിൽ രണ്ടുവർഷം ഉപദേശിയായി പ്രവർത്തിച്ചിരുന്നു. സഭാപ്രവർത്തനമായുള്ള അനുഭവപരിചയങ്ങൾ സുവിശേഷവേലയിൽ നിലനിൽക്കാൻ തിരുമേനിയെ കൂടുതൽ ശക്തനാക്കി. അർപ്പണബോധവും ദീർഘവീക്ഷണവുമുള്ള പ്രഗത്ഭരായ അധ്യാപകർ നയിച്ചിരുന്ന സി. എൻ. ഐ. യിലെ പഠനകാലം തിരുമേനി ചെലവഴിച്ചത് പിന്നീട് പ്രമുഖരായിത്തീർന്ന നിരവധി സുഹൃത്തുക്കളോടൊപ്പമായിരുന്നു. അവരിൽ ചിലരാണ് എം. എം. ജോൺ (പിന്നീട് മഹാഇടവക ബിഷപ്പ്), വി. റ്റി. കുര്യൻ, സി. എ. മത്തായി, എൻ. എൻ. നൈനാൻ എന്നിവർ. എന്നാൽ പിന്നീട് ബിഷപ്പായിത്തീർന്ന എം. എം. ജോൺ തുടർന്ന് സി. എം. എസ്. കോളേജിലും ഒരേകാലഘട്ടത്തിൽ തന്നോടൊപ്പം പഠിച്ചിരുന്നു.
ബിഷപ്പ് ബെഞ്ചമിനെ ഏറെ സ്വാധീനിച്ച സി. എൻ. ഐ. യിലെ പ്രഗത്ഭരായ രണ്ടു അധ്യാപകരായിരുന്നു റവ. സി. കെ. ജേക്കബ് അച്ചനും റവ. സ്റ്റുവർട്ട് സ്മിത്തും. ഇവരിൽ റവ. സി. കെ. ജേക്കബ് പിന്നീട് മധ്യകേരള മഹാഇടവകയുടെ ആദ്യത്തെ സ്വദേശി ബിഷപ്പായിത്തീർന്നു. സ്റ്റുവർട്ട് സ്മിത്ത് സി. എം. എസ്. മിഷനറിയായിരിക്കെ ഉത്തരകേരള മഹാഇടവകയുടെ ബിഷപ്പായി വാഴിക്കപ്പെട്ടു.
മലയോരപ്രദേശമായിരുന്ന റാന്നി ഇടവകയിൽ ബെഞ്ചമിൻ അച്ചൻ ശുശ്രൂഷകനായിരിക്കുമ്പോഴാണ് സി. എൻ. ഐ. അധ്യാപകനായത്. അന്നത്തെ സി. എൻ. ഐ. പ്രിൻസിപ്പലായിരുന്ന ആർച്ച് ഡീക്കൻ എം. ജെ. ചാണ്ടി അച്ചന് കേൾവിക്കുറവുണ്ടായിരുന്നതിനാൽ സി. എൻ. ഐ. യുടെ ചുമതല വഹിക്കുവാൻ ഒരാളുടെ സഹായം ആവശ്യമായിവന്നു. അങ്ങനെയാണ് അധ്യാപകനായും പ്രിൻസിപ്പലിന്റെ അസിസ്റ്റന്റായും ബെഞ്ചമിനച്ചൻ സി. എൻ. ഐ. യിൽ പ്രവർത്തനം ആരംഭിക്കുന്നത്. എം. ജെ. ചാണ്ടി അച്ചനും പിന്നീട് ഉഗാണ്ടയിലെ ആർച്ച് ബിഷപ്പായിത്തീർന്ന ലെസ്ലി ബ്രൗൺ അച്ചനും ചേർന്ന് പ്രവർത്തിച്ചിരുന്ന കാലം സി. എൻ. ഐ. യുടെ സ്വർണ്ണക്കാലമായിരുന്നു. അദ്ദേഹം മധ്യകേരള മഹാഇടവകയിലെ വെള്ളൂത്തുരുത്തി ഇടവകയിൽ പട്ടക്കാരനായി ശുശ്രൂഷ ചെയ്തിട്ടുണ്ട് എന്നത് പ്രത്യേകം സ്മരണീയമാണ്.
റവ. ലെസ്ലി ബ്രൗൺ അച്ചൻ കണ്ണമൂല സെമിനാരിയിൽ അധ്യാപകനായി ജോലിയിൽ പ്രവേശിക്കാനിരുന്ന സമയത്താണ് പെട്ടെന്ന് രോഗം പിടിപെട്ട് ഇംഗ്ലണ്ടിലേക്ക് മടങ്ങുന്നത്. ലെസ്ലി ബ്രൗൺ അച്ചന്റെ അഭാവത്തിൽ ബെഞ്ചമിനച്ചൻ രണ്ടുവർഷം കണ്ണമൂല സെമിനാരിയിൽ പഠിപ്പിച്ചിരുന്നു. ലെസ്ലി ബ്രൗൺ അച്ചൻ രോഗം ഭേദമായി കണ്ണമൂലയിൽ മടങ്ങിവന്ന് അധ്യാപകവൃത്തിയിൽ പ്രവേശിച്ചപ്പോൾ ബെഞ്ചമിനച്ചൻ സി. എൻ. ഐ. യിലേക്ക് മടങ്ങിവന്നു. എന്നാൽ മുമ്പ് അധ്യാപകനായിരുന്ന അച്ചൻ കണ്ണമൂലയിൽ നിന്നും തിരികെ എത്തിയത് സി. എൻ. ഐ. യുടെ പ്രഥമാധ്യപകനായാണ്.
ബെഞ്ചമിൻ തിരുമേനിയുടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ സി. എൻ. ഐ. യോട് നിലനിർത്തിയിരുന്ന ബന്ധം മധ്യകേരളത്തിലെന്നല്ല ഇന്ത്യയിലുടനീളവും വിദേശത്തും ഈ സ്ഥാപനത്തിന്റെ പ്രശസ്തി എത്തിക്കുവാൻ കഴിഞ്ഞു.

